സന്നദ്ധനായ രക്ഷകൻ
രാത്രി ഏറെ വൈകി വാഹനമോടിക്കുന്നതിനിടെയാണ് ഒരു വീടിന് തീപിടിക്കുന്നത് നിക്കോളാസ് കണ്ടത്. അവൻ ഇടവഴിയിൽ കാർ പാർക്ക് ചെയ്തു, കത്തുന്ന വീട്ടിലേക്ക് ഓടി, നാല് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒരു കുട്ടി ഇപ്പോഴും ഉള്ളിലുണ്ടെന്ന് കുഞ്ഞുങ്ങളെ നോക്കുന്ന കൗമാരക്കാരി നിക്കോളാസിനോട് പറഞ്ഞു. ഒരു മടിയും കൂടാതെ അവൻ വീണ്ടും വീടിനുള്ളിലേക്ക് പ്രവേശിച്ചു. ആറുവയസ്സുകാരിക്കൊപ്പം രണ്ടാം നിലയിൽ കുടുങ്ങിയ നിക്കോളാസ് ജനൽ തകർത്ത് — എമർജൻസി ടീം സ്ഥലത്തെത്തിയപ്പോഴേക്കും — കുട്ടിയെ കൈയ്യിൽ പിടിച്ച് താഴേക്കു ചാടി. തന്നേക്കാൾ മറ്റുള്ളവരുടെ രക്ഷ കണക്കിലെടുത്ത് അവൻ എല്ലാ കുട്ടികളെയും രക്ഷിച്ചു.
മറ്റുള്ളവർക്ക് വേണ്ടി തന്റെ സുരക്ഷിതത്വം ത്യജിക്കാനുള്ള സന്നദ്ധതയിലൂടെ നിക്കോളാസ് ധീരത പ്രകടിപ്പിച്ചു. പാപത്തിൽനിന്നും മരണത്തിൽനിന്നും നമ്മെ വിടുവിക്കാൻ ത്യാഗപൂർവ്വം തന്റെ ജീവൻ നൽകിയ രക്ഷകനായ യേശുക്രിസ്തുവിനെ ഈ സംഭവം ഓർമ്മിപ്പിക്കുന്നു. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തർക്കുവേണ്ടി മരിച്ചു” (റോമർ 5:6). പൂർണ്ണമനുഷ്യനും പൂർണ്ണദൈവവും ആയ യേശു നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി തന്റെ ജീവൻ അർപ്പിക്കാൻ സന്നദ്ധനായ കാര്യം അപ്പൊസ്തലനായ പൗലൊസ് ഊന്നിപ്പറഞ്ഞു. അത് നമുക്കൊരിക്കലും സ്വന്തമായി നൽകാൻ കഴിയാത്ത വിലയാണ്. “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു” (വാ. 8).
നമ്മുടെ മനസ്സൊരുക്കമുള്ള രക്ഷകനായ യേശുവിനെ നാം വിശ്വസിക്കുകയും സ്തുതിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കും.
- സോചിൽ ഡിക്സൺ

ദൈവിക വീണ്ടെടുപ്പിന് പാകമായത്
ഒരു സുഹൃത്തിന്റെ മൊബൈലിൽ നിന്ന് അയച്ച ചിത്രങ്ങൾ അതിശയിപ്പിക്കുന്ന തായിരുന്നു! ഭാര്യയ്ക്ക് സമ്മാനമായി കൊടുത്ത ഒരു പുതുക്കിപ്പണിത ആഡംബര കാറിന്റെ ചിത്രങ്ങളായിരുന്നു അവ! തിളങ്ങുന്ന, കടും നീല പുറംഭാഗം; തിളങ്ങുന്ന ക്രോം റിമ്മുകൾ; പുതുക്കി അപ്ഹോൾസ്റ്റർ ചെയ്ത ബ്ലാക്ക് ഇന്റീരിയർ; മറ്റ് പലതും. ഒപ്പം അതേ വാഹനത്തിന്റെ “പഴയ” ചിത്രങ്ങളും ഉണ്ടായിരുന്നു—മുഷിഞ്ഞ, തേഞ്ഞ, ആകർഷണീയമല്ലാത്ത മഞ്ഞ കാർ. ഫാക്ടറിയിൽ നിന്ന് പുതുതായി ഇറങ്ങിയപ്പോൾ ആ കാർ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. എന്നാൽ കാലം കഴിഞ്ഞപ്പോൾ അത് പഴകുകയും പുതുക്കിപ്പണിയേണ്ട ആവശ്യം വരികയും ചെയ്തു.
വീണ്ടെടുപ്പിന് പാകമായത്! 80-ാം സങ്കീർത്തനത്തിലെ ദൈവജനത്തിന്റെ അവസ്ഥയും ആവർത്തിച്ചുള്ള പ്രാർത്ഥനയും ഇങ്ങനെയായിരുന്നു: “ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരു മുഖം പ്രകാശിപ്പിക്കേണമേ” (വാ. 3, 7, 19 കാണുക). അവരുടെ ചരിത്രത്തിൽ, മിസ്രയീമിൽ നിന്നുള്ള വിടുതലും, സമൃദ്ധമായ ഒരു രാജ്യത്ത് നട്ടുപിടിപ്പിച്ചതും ഉൾപ്പെടുന്നുവെങ്കിലും (വാ. 8-11), ആ നല്ല സമയങ്ങൾ കഴിഞ്ഞുപോയി. മത്സരം നിമിത്തം അവർ ദൈവത്തിന്റെ ന്യായവിധി അനുഭവിക്കുകയായിരുന്നു (വാ. 12-13). അതിനാൽ, അവരുടെ അപേക്ഷ: “സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞു വരേണമേ; ....ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ! ” (വാ. 14) എന്നായിരുന്നു.
നിങ്ങൾക്ക് ദൈവത്തിൽ നിന്ന് അകന്നതായി തോന്നുന്നുണ്ടോ? ആത്മീയ സന്തോഷം നഷ്ടപ്പെട്ടു പോയിട്ടുണ്ടോ? യേശുവിനോട് ചേർന്ന് നടക്കാത്തതുകൊണ്ടാണോ അത്? യഥാസ്ഥാനപ്പെടുന്നതിന് വേണ്ടിയുള്ള നമ്മുടെ പ്രാർത്ഥനകൾ ദൈവം കേൾക്കുന്നു (വാ. 1). ദൈവത്തോട് ചോദിക്കുവാൻ നിങ്ങൾക്ക് എന്താണ് തടസ്സം?
- ആർതർ ജാക്സൺ


മൂരിന്റെ അർത്ഥം
വിജാതീയരായ വിദ്വാന്മാർ ശിശുവായ യേശുവിനെ സന്ദർശിച്ചതും, “ഞങ്ങൾ മൂന്ന് പൗരസ്ത്യ രാജാക്കന്മാർ” എന്ന കരോൾ ഗാനത്തിൽ വിവരിക്കുന്നതുമായ സംഭവത്തെ അനുസ്മരിക്കുന്ന എപ്പിഫനി (വെളിപാടുപെരുന്നാൾ) ദിനമാണ് ഇന്ന്. എന്നാൽ, അവർ രാജാക്കന്മാരായിരുന്നില്ല, അവർ പൗരസ്ത്യ രാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നില്ല. അവർ മൂന്ന് പേർ ഉണ്ടായിരുന്നു എന്നും ഉറപ്പില്ല.
എന്നിരുന്നാലും, മൂന്ന് സമ്മാനങ്ങൾ ഉണ്ടായിരുന്നു, കരോൾ ഗാനത്തിൽ അവ ഓരോന്നും പരിഗണിക്കുന്നു. വിദ്വാന്മാർ ബെത്ലഹേമിൽ എത്തിയപ്പോൾ, “നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.” (മത്തായി 2:11). സമ്മാനങ്ങൾ യേശുവിന്റെ ദൗത്യത്തെ സൂചിപ്പിക്കുന്നു. പൊന്ന് രാജാവെന്ന നിലയിൽ അവന്റെ പദവിയെ പ്രതിനിധീകരിക്കുന്നു. വിശുദ്ധ മന്ദിരത്തിൽ കത്തിക്കുന്ന ധൂപവർഗ്ഗവുമായി കലർത്തുന്ന കുന്തുരുക്കം അവന്റെ ദൈവത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മൃതശരീരങ്ങളിൽ ലേപനം ചെയ്യാൻ ഉപയോഗിക്കുന്ന മൂര് നമ്മെ ചിന്തിപ്പിക്കുന്നു.
കരോളിന്റെ നാലാമത്തെ വാക്യം പറയുന്നു, “മൂര് എന്റേതാണ്; അതിന്റെ കയ്പേറിയ ഗന്ധം / കുമിഞ്ഞുകൂടിയ ശോകജീവിതത്തിന്റെ ശ്വാസം; / ദുഃഖം, നെടുവീർപ്പ്, രക്തച്ചൊരിച്ചിൽ, മൃത്യു, / തണുത്ത കല്ലറയിൽ അടച്ചുവയ്ക്കപ്പെട്ടു.” നാം അത്തരമൊരു രംഗം കഥയിൽ എഴുതുകയില്ല, പക്ഷേ ദൈവം എഴുതി. യേശുവിന്റെ മരണം നമ്മുടെ രക്ഷയുടെ കേന്ദ്രബിന്ദുവാണ്. ശിശുവായിരിക്കുമ്പോൾ തന്നെ യേശുവി നെ കൊല്ലാൻ ഹെരോദാവ് ശ്രമിച്ചതാണ് (വാ. 13).
ഗാനത്തിന്റെ അവസാന വാക്യത്തിൽ മൂന്ന് വിഷയങ്ങൾ ഇഴചേർത്തിരിക്കുന്നു: “മഹത്വമുള്ളവൻ ഇതാ, അവൻ എഴുന്നേൽക്കുന്നു; / രാജാവും ദൈവവും ത്യാഗവും.” ഇത് ക്രിസ്തുമസിന്റെ കഥ പൂർത്തീകരിക്കുന്നു; നമ്മുടെ പ്രതികരണം തേടുന്നു: “ഹല്ലേലൂയ, ഹല്ലേലൂയ / ഭൂമിയിലും ആകാശത്തിലും അതു മുഴങ്ങുന്നു.”
- റ്റിം ഗസ്റ്റാഫ്സൺ
ദൈവം വഴിത്തിരിവിൽ
ചില ദിവസങ്ങൾ അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷേ, എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ വിഷമിച്ചു.
ജീവിതത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ അവർ പാലിച്ചിരുന്നില്ല. അതുകൊണ്ട് അവന്റെ കൽപ്പനകൾ പാലിച്ചു കൊണ്ട് “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന് മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരെമ്യാ പ്രവാചകൻ, പിന്മാറ്റക്കാരായ ആളുകളോട് ദൈവത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ” (യിരെമ്യാ. 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.
റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരെമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. ആ സമയം, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീർപ്പോടെ, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്പ്പോഴും അത്ര വ്യക്തമാകണമെന്നില്ല, പക്ഷേ അത് ലഭിക്കും. നാം വഴിത്തിരിവിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം.
- എലീസ മോർഗൻ

ക്രിസ്തുവിൽ നിശബ്ദമായ വിശ്വസ്തത
ഞാനയാളെ ആദ്യം ശ്രദ്ധിച്ചില്ല. താമസിക്കുന്ന ഹോട്ടൽമുറിയിൽ നിന്ന് പ്രഭാതഭക്ഷണത്തിനായി ഇറങ്ങിവന്നതാണ് ഞാൻ. ഡൈനിംഗ് റൂം നല്ല വൃത്തിയുള്ളതായിരുന്നു. ബുഫെ മേശ നിറഞ്ഞിരുന്നു. ഫ്രിഡ്ജ് നിറഞ്ഞിരുന്നു. പാത്രങ്ങൾ എല്ലാം തയ്യാറായിരുന്നു. എല്ലാം തികവുള്ളതായിരുന്നു.
അപ്പോൾ ഞാൻ അയാളെ കണ്ടു. മറ്റൊന്നും ശ്രദ്ധിക്കാതെ അയാൾ ചില പാത്രങ്ങൾ നിറച്ചു, ചിലത് തുടച്ചു. താൻ ശ്രദ്ധാകേന്ദ്രമാകാൻ അയാൾ ശ്രമിച്ചില്ല. പക്ഷേ, കൂടുതൽ നേരം ഇരിക്കുന്തോറും എന്റെ അത്ഭുതം വർദ്ധിച്ചുവന്നു. എല്ലാം ശ്രദ്ധിച്ചുകൊണ്ട്, ആർക്കെങ്കിലും എന്തെങ്കിലും കുറവുണ്ടാകുന്നതിന് മുമ്പ് എല്ലാം വീണ്ടും നിറച്ചുകൊണ്ട്, ആ മനുഷ്യൻ വളരെ വേഗത്തിൽ ജോലി ചെയ്തുകൊണ്ടിരുന്നു. ഭക്ഷ്യസേവന രംഗത്തെ വിദഗ്ദ്ധനായ ഞാൻ, ഓരോ കാര്യങ്ങളും അയാൾ സൂക്ഷ്മതയോടെ ചെയ്യുന്നത് ശ്രദ്ധിച്ചു. ആരും ശ്രദ്ധിച്ചില്ലെങ്കിൽ പോലും ആ മനുഷ്യൻ വിശ്വസ്തതയോടെ പ്രവർത്തിക്കുന്നതിനാൽ അവിടെ ഒന്നിനും കുറവുണ്ടായിരുന്നില്ല.
ആ മനുഷ്യൻ വളരെ ശ്രദ്ധയോടെ പ്രവർത്തിക്കുന്നത് കണ്ടപ്പോൾ, തെസ്സലൊ നീക്യരോടുള്ള പൗലൊസിന്റെ വാക്കുകൾ ഞാൻ ഓർത്തു: “പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിന്നും മുട്ടില്ലാതിരിപ്പാനും വേണ്ടി ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്ത കൈകൊണ്ടു വേല ചെയ്വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു” (1 തെസ്സലൊനീക്യർ 4:11-12). വിശ്വസ്തനായ ഒരു തൊഴിലാളിക്ക് മറ്റുള്ളവരുടെ ബഹുമാനം എങ്ങനെ നേടാനാകുമെന്ന് പൗലൊസിന് മനസ്സിലായി. ചെറിയ സേവനങ്ങൾ പോലും, അന്തസ്സോടെയും ഉത്സാഹത്തോടെയും ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുവാൻ സുവിശേഷത്തിന് എങ്ങനെ സാധിക്കും എന്നത് പൗലൊസ് സാക്ഷ്യപ്പെടുത്തുന്നു.
അന്ന് ഞാൻ കണ്ട മനുഷ്യൻ യേശുവിൽ വിശ്വസിച്ചിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷേ, ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് വിശ്വസ്തതയോടെ ജീവിക്കുവാൻ അയാളുടെ പ്രവർത്തനം എന്നെ പ്രേരിപ്പിച്ചു. അതിന് ഞാൻ നന്ദിയുള്ളവനാണ്.
- ആഡം ആർ. ഹോൾസ്
